ന്യൂഡൽഹി: പാലക്കാട് ഡിവിഷൻ വിഭജനത്തിൽനിന്നു പിന്മാറില്ലെന്ന നിലപാടിൽ ഉറച്ച് റെയിൽവേ മന്ത്രാലയം. തീരുമാനത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ഉൾപ്പെടുത്തി ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി അറിയിച്ചു.
പാലക്കാട് ഡിവിഷനിൽനിന്ന് മംഗലാപുരത്തെ വേര്‍പെടുത്തി മൈസൂർ ഡിവിഷനോട് ചേര്‍ക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ ഒന്നിന് മുമ്പായി ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എംപിമാർ അറിയിച്ചു.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവന്, വി.കെ. ശ്രീകണ്ഠന്, ഇ.ടി. മുഹമ്മദ് ബഷീര്‍, രാജ്മോഹന്‍ ഉണ്ണിത്താന്, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ്, ഫ്രാന്‍സിസ് ജോര്‍ജ്, ജെബി മേത്തർ തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രവര്‍ത്തനസൗകര്യം കണക്കിലെടുത്താണ് ഡിവിഷൻ വിഭജിക്കുന്നതെന്നും കേരളത്തില്‍ ആഭ്യന്തരമായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതില്‍ എതിര്‍പ്പില്ലെന്ന് ബോധ്യപ്പെട്ടെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചതായി എംപിമാർ പറഞ്ഞു.
വിഷയം ഭരണപരമല്ല, തീർത്തും രാഷ്ട്രീയപരമാണെന്ന ആരോപണമാണ് എംപിമാർ ഉന്നയിക്കുന്നത്. ഈ തീരുമാനം പാലക്കാട് ഡിവിഷന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുമെന്നും ഭാവിയിൽ പൂര്‍ണമായ അടച്ചുപൂട്ടലിലേക്കെത്തുമെന്നും എംപിമാർ മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ കേരളത്തിലെ ബിജെപി നേതൃത്വം കേരളത്തിന്റെ താത്പര്യത്തിനു വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും എംപിമാർ കുറ്റപ്പെടുത്തി.